സ്‌കൂള്‍ ലീഡര്‍ഷിപ്പ് അക്കാദമി-കേരളം (SLA-K)

സംസ്ഥാനത്തൊട്ടാകെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഓരോ സ്‌കൂളിനെയും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തില്‍ ആരംഭിച്ച സ്ഥാപനമാണ് സ്‌കൂള്‍ ലീഡര്‍ഷിപ്പ് അക്കാദമി കേരള. കേരളത്തില്‍ സീമാറ്റ്-കേരളയുടെ കീഴിലാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേഷനില്‍ (NIEPA) സ്ഥാപിതമായ നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌കൂള്‍ ലീഡര്‍ഷിപ്പ് (NCSL) ന്റെ മാതൃകയിലാണ് അക്കാദമി സ്ഥാപിതമായതാണ്. സ്‌കൂള്‍ മേധാവികളുടെയും അഡ്മിനിസ്‌ട്രേറ്റര്‍മാരുടെയും നേതൃത്വ ശേഷികള്‍ ചിട്ടയായി രുപകല്പനചെയ്ത പരിപാടികളിലൂടെ വളര്‍ത്തിയെടുക്കുകയുമാണ് SLAK ന്റെ പ്രധാനലക്ഷ്യം. അക്കാദമിക മാറ്റങ്ങള്‍ക്കൊപ്പം മാതൃകാപരമായ നേതൃത്വത്തിലൂടെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ വികസനം സാധ്യമാക്കുന്നതിന് സ്‌കൂള്‍ ലീഡര്‍ എന്ന നിലയില്‍ ഹെഡ്മാസ്റ്റര്‍ നടപ്പിലാക്കേണ്ട കര്‍ത്തവ്യങ്ങളെ പരിശീലിപ്പിക്കാനും ശാക്തീകരിക്കാനും SLAK പ്രതിജ്ഞാബദ്ധമാണ്.

പരമ്പരാഗത ലീഡര്‍ഷിപ്പ് സങ്കല്‍പങ്ങള്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെ പിന്നാക്കം വലിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആയതിനാല്‍ പല സ്‌കൂളുകളുടെയും താണനിലവാരത്തെ മെച്ചപ്പെടുത്തുന്നതിനും ഭൗതികവും അക്കാദമികവുമായി അവയെ ഉയര്‍ത്തുന്നതിനും സ്‌കൂള്‍ മേധാവികളുടെ ആഴത്തിലുള്ള ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിലാണ് സീമാറ്റ്-കേരളയുടെ കീഴില്‍ SLAK സ്ഥാപിതമായത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ മേധാവികള്‍ക്കായുള്ള വിവിധ പരിപാടികളിലൂടെ സ്‌കൂളുകളെ പരിവര്‍ത്തനത്തിലേക്ക് നയിക്കുവാന്‍ വിവിധ പദ്ധതികള്‍ SLAK വിഭാവനം ചെയ്യുന്നു. സ്‌കൂള്‍ മേധാവിയുടെ നേതൃത്വപരമായ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിട്ടാണ് SLAK നെ കാണുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള വൈവിധ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിനും പ്രാദേശിക അറിവും വൈദഗ്ധ്യവും ദേശീയതലത്തില്‍ സമന്വയിപ്പിക്കുന്നതിനും, റിസോഴ്‌സ് പേഴ്‌സണുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ജില്ലകളില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പിന്തുണ നല്‍കുന്നതിനുമുള്ള നോഡല്‍ കേന്ദ്രമായി SLAK പ്രവര്‍ത്തിക്കുന്നു.

അക്കാദമിയുടെ മാര്‍ഗരേഖ