സീമാറ്റ്-കേരള

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ ഉദ്യോഗസ്ഥര്‍ക്ക് ആസൂത്രണ-നിര്‍വ്വഹണതലങ്ങളില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിംഗ് ആന്‍റ് മാനേജ്മെന്‍റിന്‍റെ മാതൃകയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനമാണ് സീമാറ്റ്-കേരള. 1995-ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്‍റിഫിക് ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സീമാറ്റ്-കേരള 2004 മാര്‍ച്ച് 30-ാം തീയതി മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.

പൊതു വിദ്യാഭ്യാസമേഖലയില്‍ വിവിധതലങ്ങളില്‍ നേതൃസ്ഥാനം വഹിക്കുന്ന സ്ഥാപനമേധാവികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, സമഗ്രമായ പരിശീലനം നല്‍കുന്നതില്‍ സീമാറ്റ്-കേരള സ്ഥാപിതകാലം മുതല്‍ക്ക് തന്നെ അതീവശ്രദ്ധ പുലര്‍ത്തിവരുന്നു. വിദ്യാഭ്യാസ ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും സഹായകരമാകുന്ന ഇംപാക്ട് സ്റ്റഡികള്‍, സൂക്ഷ്മാസൂത്രണം, ഗവേഷണം മുതലായവ നടത്തുന്നതിലും അവയുമായി ബന്ധപ്പെട്ട കൈപ്പുസ്തകങ്ങള്‍ അടക്കമുളള പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നതിലും സീമാറ്റ്-കേരള സുപ്രധാനമായ പങ്ക് വഹിച്ചു വരുന്നു. വിദ്യാഭ്യാസ ആസൂത്രണത്തേയും നിര്‍വ്വഹണത്തെയും വികേന്ദ്രീകരിക്കുന്നതില്‍ സീമാറ്റ്-കേരളയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു.

വിദ്യാഭ്യാസ ആസൂത്രണ-നിര്‍വ്വഹണരംഗത്ത് ആഗോള തലത്തില്‍ മികവിന്‍റെ കേന്ദ്രമായി വികാസം പ്രാപിക്കുകയെന്ന മഹത്തായ ലക്ഷ്യത്തിലേയ്ക്കുളള പ്രയാണ പഥത്തിലാണ് സീമാറ്റ്-കേരളയുടെ ലക്ഷ്യ ദൗത്യങ്ങളെ ആ രീതിയില്‍ ക്രമീകരിച്ചുകൊണ്ടുളള അതിബൃഹത്തായൊരു പദ്ധതി നിര്‍വ്വഹണമാണ് വിഭാവന ചെയ്യുന്നത്.